നഗരസഭയുടെ 2022-2023 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് തയ്യാറാക്കുന്നതിന്റെ മുന്നോടിയായാണ് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയുള്ള യോഗം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ ടി.പി.ഷാജി നഗരസഭയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതികളെക്കുറിച്ച് വിശദീകരിച്ചു.
ടൌൺ ഹാൾ, ഓപ്പൺ എയർ ഓഡിറ്റോറിയം, മുൻസിപ്പൽ സ്റ്റേഡിയം, വിവിധ കൊച്ചിങ്ങ് സെന്ററുകൾ, കായിക പരിശീലന പരിപാടികൾ, ഓപ്പൺ ജിം, സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ, സ്ത്രീകൾക്കും, യുവാക്കൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ,ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ നടപടികൾ തുടങ്ങിയ നിരവധി പദ്ധതികൾ ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കണമെന്നുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ ഉയർന്നു വന്നു.
ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികളെന്നും ജനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ചു കൊണ്ടുള്ള ജനകീയ ബഡ്ജറ്റ് അവതരിപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്നും,ചരിത്രപരമായ ജെൻഡർ ബഡ്ജറ്റായിരിക്കും നഗരസഭ 2022-2023 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കുകയെന്നും നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനും അറിയിച്ചു.
കക്ഷി രാഷ്ട്രീയത്തിനതീതമായി നഗരസഭയുമായി സഹകരിക്കുകയും,പിന്തുണ നൽകുകയും ചെയ്ത മുഴുവൻ ആളുകളോടും നന്ദി അറിയിക്കുന്നതായും ഇരുവരും പറഞ്ഞു.
നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.വിജയകുമാർ,പി.കെ.കവിത,കെ.ടി.റുഖിയ,എൻ.രാജൻ മാസ്റ്റർ, പി.ആനന്ദവല്ലി,കക്ഷി നേതാക്കളായ കെ.ആർ നാരായണ സ്വാമി,സി.എ സാജിത്,നഗരസഭ കൗൺസിലർമാർ,രാഷ്ട്രീയ പാർട്ടി,യുവജന, തൊഴിലാളി സംഘടന പ്രതിനിധികൾ,ക്ലബുകൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സംഘടന പ്രതിനിധികൾ,നഗരസഭ ഉദ്യോഗസ്ഥർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.