കൊട്ടാരക്കര : ലോകമെമ്പാടുമുള്ള സ്ത്രീകൾ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യ പുരോഗതി നേടുന്നതിനുമായി നടത്തിയ ചരിത്രപരമായ യാത്രയുടെ ഓർമ്മപ്പെടുത്തലുകളാണ് മാർച്ച് 8 വനിതാ ദിനമായി ആചരിക്കുന്നത്. ഒരുപാട് നേട്ടങ്ങൾ കൈവരിക്കുമ്പോഴും യാത്ര ദൈർഘ്യമേറിയതാണെന്നും ഇനിയും ഒരുപാട് കാര്യങ്ങൾ ജീവിതയാത്രയിൽ ചെയ്യേണ്ടതുണ്ടെന്നുമുള്ള ഓർമ്മപ്പെടുത്തലുകളുമായിട്ടാണ് സമൂഹത്തിൽ മുന്നണി പോരാളികളായി ജോലി നോക്കുന്ന പോലീസിലെ വനിതാ ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നത്. വനിതാ ദിനത്തോടനുബന്ധിച്ചു കൊല്ലം റൂറൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു സ്റ്റേഷൻ ദൈനം ദിന പ്രവർത്തനങ്ങൾ നടന്നത്.


ഇത്തരം സാഹചര്യത്തിൽ കരുത്തോടെ മുന്നോട്ട് പോകുന്ന കൊല്ലം റൂറൽ ജില്ലയിലെ ഓരോ വനിതാ ഉദ്യോഗസ്ഥർക്കും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ഹൃദ്യമായ വനിതാദിനാശംസകൾ നേരുന്നതോടൊപ്പം കൊട്ടാരക്കര ടൗണിൽ ട്രാഫിക് ഡ്യൂട്ടി നോക്കി വരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സ്മിത ചന്ദ്രൻ , സുധാകുമാരി.കെ.വി, ഹസ്ന.എം എന്നിവരെ കൊട്ടാരക്കര പുലമൺ ട്രാഫിക് പോയിന്റിൽ നടന്ന ചടങ്ങിൽ കൊട്ടാരക്കര ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് സുരേഷ്. ആർ ആദരിച്ചു. ഉത്ഘാടന ചടങ്ങിൽ കൊട്ടാരക്കരപോലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോൺ, വനിതാ സെൽ സബ് ഇൻസ്പെക്ടർ ശ്രീമതി രമ, കെ.ഉണ്ണികൃഷ്ണ പിള്ള തുടങ്ങിയവർ ആശംസകൾ നേർന്നു. കൊട്ടാരക്കര കിഴക്കേ തെരുവ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജോൺസന്റെ നേതൃത്വത്തിൽ എത്തിയ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് വനിതാ ഉദ്യോഗസ്ഥരെ പൊന്നാട അണിയിച്ചു ആദരിച്ചു. വനിതാദിന ചടങ്ങിൽ ജില്ലാ സെക്രട്ടറി സാജു. ആർ.എൽ സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി നിക്സൺ ചാൾസ് നന്ദി പറഞ്ഞു.
