യുദ്ധവും കോവിഡും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളേയും കുട്ടികളേയുമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് .അന്താരാഷ്ട്ര വനിതാ ദിനാചരണ ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഒരു നൂറ്റാണ്ടിനപ്പുറം നീളുന്ന ചരിത്രമാണ് സ്ത്രീകളുടെ പുരോഗതിയ്ക്ക് പിന്നിലുള്ളത്. പല മേഖലകളിലും സ്ത്രീകൾ ഇന്നും വിവേചനം അനുഭവിക്കുന്നുണ്ട്. അതിന് മാറ്റം വരേണ്ടതാണ്.
അടുത്ത തലമുറയെങ്കിലും ആൺകുട്ടികളേയും പെൺകുട്ടികളേയും ഉത്തരവാദിത്തങ്ങൾ പങ്കിടാൻ പഠിപ്പിക്കണം. ബോധത്തിലും ബോധ്യത്തിലും കാഴ്ചപ്പാടിലും മനോഭാവത്തിലും മാറ്റം വരണം. അതിനായി ക്രിയാത്മകമായ ഇടപെടലുകൾ വേണം. സ്വപ്നം കാണാൻ ഓരോ പെൺകുട്ടിക്കും കഴിയട്ടെ. ജീവിത യാഥാർത്ഥ്യത്തിൽ കാലൂന്നി നിന്നുള്ള ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ത്രീകളേയാണ് നമുക്ക് ആവശ്യമെന്നും മന്ത്രി പറഞ്ഞു.