അന്താരാഷ്ട്ര വനിതാദിനമായ ഇന്നു (മാർച്ച് 8) മുതൽ മൂന്ന് ദിവസങ്ങളിലായി സംസ്കാരിക വകുപ്പിന്റെ ബോധവൽക്കരണ പദ്ധതിയായ സമത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ വനിതാദിനാഘോഷ പരിപാടികൾ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ അരങ്ങേറുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
സ്ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം എന്ന സന്ദേശമുയർത്തി ആവിഷ്കരിച്ച ഒരു വർഷം നീളുന്ന ബോധവൽക്കരണ പരിപാടിയാണ് സമം. സാംസ്കാരിക, യുവജനകാര്യ വകുപ്പുകൾക്ക് കീഴിലെ വിവിധ സ്ഥാപനങ്ങൾ, എസ്.പി.സി, എൻ.എസ്.എസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് സമം പരിപാടി നടപ്പിലാക്കുന്നത്. ലിംഗസമത്വം അടിസ്ഥാന പൗരാവകാശമെന്ന സന്ദേശമാണ് ‘സമം’ മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നത്തെ ലിംഗസമത്വം നാളത്തെ സുസ്ഥിരവികസനം എന്ന ആശയമാണ് 2022ലെ അന്താരാഷ്ട്ര വനിതാദിനം മുന്നോട്ടു വെയ്ക്കുന്നത്. ഈ ആശയം ഉൾകൊണ്ടാണ് സമം അന്താരാഷ്ട്ര വനിതാദിനാഘോഷ പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്.
