കീവ്: യുക്രൈനിലെ കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നീ നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിനാണിത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ഥന മാനിച്ചാണ് റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള നഗരമാണ് സുമി. ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈനില്‍നിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് നാല് പ്രധാന നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
