വട്ടവടയിലെ കർഷകരുടെ വിവിധ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനും പ്രതിവിധികൾ ആവിഷ്കരിക്കുന്നതിനുമായി വട്ടവട ഗ്രാമ പഞ്ചായത്ത് ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. വട്ടവടയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രി യോഗത്തിനെത്തിയത്. ഇടനിലക്കാരുടെ ചൂഷണം, ജല ലഭ്യതയുടെ കുറവ്, ഭൂമി പ്രശ്നങ്ങൾ, ഉല്‍പ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന വെല്ലുവിളികൾ തുടങ്ങി വിവിധ പ്രശ്നങ്ങൾ കർഷകർ മന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൃഷിവകുപ്പ് വലിയ പ്രധാന്യം കൽപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. വട്ടവടയിലെ ഗ്രാൻ്റീസ് മരങ്ങൾ മുറിച്ച് പിഴുതു മാറ്റുന്ന കാര്യത്തിൽ കഴിഞ്ഞ സർക്കാർ തീരുമാനം കൈ കൊണ്ടതാണ്. അതുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കും. വട്ടവടയിലെ കർഷകർ ചൂഷണത്തിനിരയാകുന്നുണ്ട്. സർക്കാർ ഈ വിഷയം ഗൗരവകരമായി എടുക്കും. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാനുള്ള ഇടപെടൽ സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകും. ഭൂമിക്ക് പട്ടയമില്ലാത്ത സാഹചര്യം കണക്കിലെടുത്ത് കർഷകർക്ക് വായ്പ ലഭ്യമാക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ ബാങ്കുകളുമായി ആലോചന നടത്തും.
