പാലക്കാട്: ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി ജീവനൊടുക്കി. ലക്കിടി സ്വദേശി അജിത്ത്കുമാര്‍, ഭാര്യ ബിജി, മക്കളായ പാറു, ആര്യനന്ദ എന്നിവരാണ് മരിച്ചത്.
ലക്കിടി പാലത്തിന് സമീപമുള്ള കടവില്നിന്നാണ് ദമ്പതിമാരും മക്കളും ഭാരതപ്പുഴയിലേക്ക് ചാടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇവര്‍ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ പുഴയില്‍നിന്ന് കണ്ടെടുത്തത്.
2012-ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്ത്കുമാര്‍. ഈ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് കുടുംബം കൂട്ട ആത്മഹത്യ ചെയ്തത്. കടവില്‍നിന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കൊലക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറിപ്പില്‍ എഴുതിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.