സിനിമാ മേഖലയിൽ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം നടപ്പിലാക്കുന്നതിന് തടസമായി നിൽക്കുന്ന കാര്യങ്ങൾ പരിഹരിക്കാൻ വനിത ശിശുവികസന വകുപ്പ് മാർഗനിർദേശം പുറത്തിറക്കാൻ തീരുമാനിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോർജ്. മാർഗനിർദേശങ്ങളുടെ ഡ്രാഫ്റ്റ് സാംസ്കാരിക വകുപ്പും നിയമ വകുപ്പും പരിശോധിക്കും. സിനിമയിലെ പ്രീ പ്രൊഡക്ഷൻ, ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങിയ എല്ലാ സമയത്തും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതായിരിക്കും മാർഗനിർദേശമെന്നും മന്ത്രി പറഞ്ഞു. വനിത ദിനത്തിന് മുന്നോടിയായി കേരള വനിത ശിശുവികസന വകുപ്പും വനിത വികസന കോർപ്പറേഷനും സംയുക്തമായി ലേബർ കോഡ് നിർദേശങ്ങൾ വനിത സിനിമ പ്രവർത്തകരെ എങ്ങനെ ബാധിക്കും എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
