സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 29 പൊതുകലാലയങ്ങളിലെ പദ്ധതികൾ ഈ മാസം നാടിനു സമർപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചുള്ള രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാൻ(റൂസ) പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടങ്ങൾ സർക്കാരിന്റെ നൂറു ദിന പദ്ധതിയുടെ ഭാഗമായിട്ടാകും ഉദ്ഘാടനം ചെയ്യുക. കലാലയങ്ങളുടെ മുഖഛായ മാറ്റുന്ന വികസന പ്രവൃത്തികളിൽ സർക്കാർ കോളജുകൾക്കു പുറമേ ഇതാദ്യമായി സർക്കാർ എയ്ഡഡ് കോളജുകൾക്കും സഹായം ലഭ്യമാക്കുകയാണെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
