കൊല്ലം: ഉച്ചഭാഷിണിയില്‍ നിന്നുള്ള ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് കൊല്ലം ജില്ലാകളക്ടര്‍ അഫ്സാന പര്‍വീണ്‍. ജില്ലയിലെ വിവിധ ആരാധനാലയങ്ങളും സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളും വ്യക്തികളും പൊതു ജനങ്ങള്‍, രോഗികള്‍, വൃദ്ധജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സ്വൈര്യജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രത്യേക പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയത്. ശബ്ദമലിനീകരണം നിയന്ത്രണ ചുമതല ജില്ലാ മജിസ്ട്രേറ്റ്, പൊലിസ് മേധാവികള്‍ എന്നിവര്‍ക്കാണ്. റവന്യൂ താലൂക്ക്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി താലൂക്ക്തല സ്ക്വാഡ് ആണ് പുതുതായി രൂപീകരിച്ചത്. മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ശബ്ദതീവ്രത പരിശോധനാ വൈദഗ്ധൃമുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്, പൊലിസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍, രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണ് സ്ക്വാഡിലുണ്ടാകുക. ഏകോപനത്തിനായി ആറ് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.നേരിട്ട് ലഭിക്കുന്ന പരാതികളും നിര്‍ദ്ദേശ പ്രകാരമുള്ളവയും ആകസ്മിക പരിശോധന വഴിയും ഉച്ചഭാഷിണി ഉപയോഗത്തിലെ നിയമലംഘനം സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറാനാണ് സ്ക്വാഡിനെ നിയോഗിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. ആദ്യം താക്കീതും തെറ്റ് ആവര്‍ത്തിച്ചാല്‍ പ്രോസിക്യൂഷന് നടപടിയും സ്വീകരിക്കും. പൊലീസിന് നിലവിലുള്ളത് പോലെ നേരിട്ട് ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കണം എന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.ഉച്ചഭാഷിണിയില്‍ നിന്നുള്ള ശബ്ദമലിനീകരണവും നിയമ വിരുദ്ധമായുള്ള ഉപയോഗവും സംബന്ധിച്ച പരാതി പൊതുജനങ്ങള്‍ക്ക് ഫോണ്‍ മുഖേന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ അറിയിക്കാം. കൊല്ലം കലക്ട്രേറ്റ്-1077, കരുനാഗപ്പള്ളി താലൂക്ക് – 04762620223, കൊട്ടാരക്കര – 04742454623, കൊല്ലം – 0474 2742116, കുന്നത്തൂര്‍ 04762830345, പുനലൂര്‍ – 04752222605, പത്തനാപുരം താലൂക്ക് – 0475-2350090.
