2020ലെ ജെ.സി. ഡാനിയേൽ പുരസ്കാരം പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രനു മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചു. മലയാള ചലച്ചിത്രഗാന ശാഖയുടെ ശബ്ദമായി നിലകൊണ്ട് ആസ്വാദക ലക്ഷങ്ങളെ വിസ്മയിപ്പിച്ച ഗായകനാണു പി. ജയചന്ദ്രനെന്ന് പുരസ്കാരം സമർപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു.
സംഗീതത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമായ കലയാക്കി മാറ്റിയതു ചലച്ചിത്ര ഗാനങ്ങളാണ്. സമ്പന്ന കുടുംബ പശ്ചാത്തലങ്ങളിൽമാത്രം ഒതുങ്ങിനിന്ന സംഗീതത്തെ എല്ലാ വിഭാഗം ആളുകളിലേക്കും എത്തിച്ചതും ചലച്ചിത്ര സംഗീതമാണ്. ചലച്ചിത്ര ഗാനങ്ങളുടെ വൈകാരികഭാവം അതിസൂക്ഷ്മതലത്തിൽ ഉൾക്കൊണ്ടുപാടുന്നതുകൊണ്ടാണ് ഭാവഗായകൻ എന്ന വിശേഷണം കേരളം പി. ജയചന്ദ്രനു നൽകിയത്. ആധുനിക കേരളത്തിന്റെ കലാസാംസ്കാരിക ചരിത്രത്തിനൊപ്പം വളരുകയും സ്വന്തം പ്രതിഭകൊണ്ട് സവിശേഷ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.