ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25 വർഷങ്ങൾ അഭിമാനിക്കാൻ ഏറെ ഉണ്ടെങ്കിലും കഴിഞ്ഞകാലങ്ങളിൽ നിൽക്കാതെ കൂടുതൽ മുന്നോട്ടു കുതിക്കണമെന്ന് മുൻ ധനകാര്യ മന്ത്രി ടി. എം തോമസ് ഐസക് പറഞ്ഞു. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ ജനകീയാസൂത്രണത്തിന്റെ 25 വർഷം പുതുതലമുറ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ അവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിലെ വികസന കുതിപ്പ് ഉത്പാദന മേഖലയിൽ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ആസൂത്രണ -നിർവ്വഹണത്തിൽ കൂടുതൽ ജനപങ്കാളിത്തത്തോടെ ഈ പോരായ്മ മറികടക്കാൻ സാധിക്കണമെന്ന് ഐസക് പറഞ്ഞു. ഗ്രാമസഭകൾ സജീവമാക്കുന്നതോടൊപ്പം കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ തുടങ്ങിയ മൈക്രോ സംഘങ്ങളെ ഉപഗ്രാമസഭകളായി അംഗീകരിക്കണമെന്നും സന്നദ്ധ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പഴയ നിലവാരത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്താൻ പുതിയ തലമുറയെ കൂടി ഇതിന്റെ ഭാഗമാകണമെന്നും അവർക്ക് വിദഗ്ധ പരിശീലനം നൽകണമെന്നും ഐസക് കൂട്ടിച്ചേർത്തു.
