സംസ്ഥാന സർക്കാറിന്റെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് പ്രവർത്തന സജ്ജമാക്കുന്നതിനുള്ള 34.30 കോടിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ മികവാർന്ന നിലയിൽ പുരോഗമിക്കുകയാണെന്നും ഏപ്രിലോടെ ന്യൂസ് പ്രിന്റ് ഉത്പ്പാദനം ആരംഭിക്കുമെന്നും വ്യവസായ-കയർ-നിയമ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. വെള്ളൂരിലെ കെ.പി.പി.എൽ. പ്ലാന്റ് സന്ദർശിച്ച് പ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ടു വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയതിനെ തുടർന്ന് മൂന്നു വർഷമായി പ്രവർത്തനം നിലച്ചിരുന്നു. ആറു വർഷമായി അറ്റകുറ്റപ്പണികൾ നടത്താതെയും കിടന്നിരുന്നതിനാൽ പ്രത്യേക
സമയക്രമം പാലിച്ചാണ് അറ്റകുറ്റപണികൾ നടത്തുന്നത്. എല്ലാ പ്രവർത്തനങ്ങളും നിശ്ചയിച്ച സമയക്രമത്തിനനുസരിച്ച് ഊർജ്ജിതമായ രീതിയിലാണ് മുന്നേറുന്നത്. മാർച്ചോടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ഏപ്രിൽ മാസത്തിൽ ന്യൂസ് പ്രിന്റ് ഉത്പ്പാദനം ആരംഭിക്കും. ഇതിനുള്ള 44.94 കോടി രൂപയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ തൊഴിലാളികളെ നിയമിക്കും. സാങ്കേതിക കഴിവുകളും മേഖലയിലെ തൊഴിൽ പരിചയവും മുൻനിർത്തി കരാറടിസ്ഥാനത്തിയിരിക്കും നിയമനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.