എല്ലാ മാസവും പത്താം തീയതിക്കകം റേഷൻ സാധനങ്ങൾ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും വാതിൽപ്പടി വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കേരളത്തിലെ റേഷൻ വ്യാപാര രംഗത്തെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് റേഷൻ വ്യാപാരികളുടെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
റേഷൻ വ്യാപാരികൾ സർക്കാരിലേക്ക് അടയ്ക്കേണ്ട റേഷൻ സാധനങ്ങളുടെ തുക വ്യാപാരികളുടെ കമ്മിഷനിൽ നിന്നും തട്ടിക്കിഴിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ റേഷൻ കടകളിൽ റേഷൻ സാധനങ്ങൾ ലഭ്യമാക്കാൻ കഴിയും. റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഏർപ്പെടുത്തണമെന്ന വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.
റേഷൻ സാധനങ്ങൾ കൃത്യായ അളവിലും തൂക്കത്തിലും എഫ്.സി.ഐയുടെയും എൻ.എഫ്.എസ്.എയുടെയും ഗോഡൗൺ വഴി വാതിൽപ്പടി വിതരണം നടത്തും. റേഷൻ കടകളിലെ ഇ-പോസ് മെഷീനെ ത്രാസ്സുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കും. ഗ്രാമീണ മേഖലയിലെ റേഷൻ കടകൾക്ക് മുൻഗണന നൽകിക്കൊണ്ട് ആയിരം റേഷൻ കടകളെ സ്മാർട്ട് കടകളാക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കും.