ഓക്സിലറി ഗ്രൂപ്പുകൾ മുഖേന അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കാൻ പുത്തൻ വഴിതെളിച്ച് കുടുംബശ്രീ. 3,06,692 അംഗങ്ങളാണ് നിലവിൽ ഓക്സിലറി ഗ്രൂപ്പുകളിലുള്ളത്.
1998ൽ കേരളത്തിൽ ആരംഭിച്ച ദാരിദ്ര നിർമ്മാർജ്ജന മിഷനാണ് കുടുംബശ്രീ. 24 വർഷംകൊണ്ട് സംസ്ഥാനത്തിന്റെ പ്രാദേശിക-സാമ്പത്തിക വികസനത്തിനും, സ്ത്രീശാക്തീകരണത്തിനും കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ത്യക്കും ലോകത്തിനും മാതൃകയായ വിവിധ ഉപജീവന പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുടുംബശ്രീ, ഈ സർക്കാർ നിലവിൽ വന്നശേഷമുള്ള പുതിയ തുടക്കമാണ് ഓക്സിലറി ഗ്രൂപ്പുകൾ.
അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത്. ഓരോ വാർഡിലും ചുരുങ്ങിയത് പത്ത് പേരടങ്ങിയ ഗ്രൂപ്പ് രൂപീകരിക്കാനാണ് കുടുംബശ്രീ മിഷൻ നിർദ്ദേശം നൽകിയിരുന്നത്. വാർഡിലെ അംഗങ്ങളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഒരു വാർഡിൽ ഒന്നിൽ കൂടുതൽ ഗ്രൂപ്പുകൾ രൂപീകരിക്കാനും അനുമതി ഉണ്ടായിരുന്നു. ഇതുപ്രകാരം 10 മുതൽ 50 അംഗങ്ങൾ വരെയുളള ഗ്രൂപ്പുകൾ കേരളത്തിലെ 19,438 വാർഡുകളിലും രൂപീകരിച്ചിട്ടുണ്ട്. ആകെ 3,06,692 അംഗങ്ങൾ ഉളള 19,551 ഗ്രൂപ്പുകളുടെ പങ്കാളിത്തമാണ് ഓക്സിലറി ഗ്രൂപ്പുകൾക്കുള്ളത്.