പുനലൂർ – വിളക്കുടി മഞ്ഞമൺകാല, കടുവാക്കുഴി എന്ന സ്ഥലത്ത് ഷിഫാന മൻസ്സിലിൽ ഷംസുദ്ദീൻ മകൻ താജുദ്ദീന്റെ വീട്ടിൽ അതിക്രമിച്ച് കയറി താജുദീനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചകേസ്സിൽ പുനലൂർ മുസാവരിക്കുന്ന് എന്ന സ്ഥലത്ത് കാഞ്ഞിരംവിള വീട്ടിൽ അലുവ ഷാനവാസ് എന്ന് വിളിക്കുന്ന ഷാനവാസിനെ (37) രാവിലെ 10 മണിക്ക് പുനലൂർ ഡി.വൈ.എസ്.പി ശ്രീ. ബി. വിനോദിന്റെ നേതൃത്ത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടി. കഴിഞ്ഞ ഡിസംബർ മാസം ഇരുപത്തിനാലാം തീയതി രാത്രി 11 മണിയോടുകൂടി താജുദ്ദീനും കുടുംബവും താമസിക്കുന്ന വീട്ടിൽ പ്രതി അതിക്രമിച്ചുകയറി വീടിന്റെ സിറ്റൗട്ടിൽ നിന്നിരുന്ന താജുദ്ദീന്റെ ഭാര്യയെ കടന്നുപിടിക്കുകയും കയ്യേറ്റം ചെയ്യുകയും ഭാര്യയുടെ നിലവിളികേട്ട് ഓടിയെത്തിയ താജുദ്ദീനെ പ്രതി കൈയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് പലതവണ വെട്ടിയതിൽ താജുദ്ദീന്റെ തലയ്ക്ക് സാരമായ പരിക്കേൽക്കുകയും പട്ടിക കഷണം കൊണ്ടുള്ള ആക്രമണത്തിൽ താജുദീന്റെ ഭാര്യയ്ക്കും പരിക്കേൽക്കുകയും ചെയ്തു. മദ്യം വാങ്ങിയ്ക്കുന്നതിനായി പ്രതി പണം ചോദിച്ചപ്പോൾ കൊടുക്കാത്തതിലുള്ള വിരോധത്താലാണ് പ്രതി താജുദീനെ ആക്രമിച്ചത്. താജുദ്ദീന്റെ പരാതിയിൽ പുനലൂർ പോലീസ് ഷാനവാസിനെതിരെ വധശ്രമത്തിന് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പുനലൂർ ഡി.വൈ.എസ്.പി ശ്രീ. ബി. വിനോദിന്റെ നേതൃത്ത്വത്തിലുള്ള പ്രത്യേക സ്ക്വാഡ്
അംഗങ്ങളായ എസ്.ഐ ഹരീഷ്, എസ്.ഐ കൃഷ്ണകുമാർ, എസ്.സി.പി.ഓ ദീപക്, സി.പി.ഒ മാരായ അഭിലാഷ് പി.എസ്, മനോജ്, ദീപു, അജീഷ് എന്നിവരുടെ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിൽ അതിസാഹസികമായി കടുവാത്തോട് നിന്നും അറസ്റ്റ് ചെയ്തു. സ്ഥിരം കുറ്റവാളിയായ അലുവ ഷാനവാസിന്റെ പേരിൽ പുനലൂർ തെന്മല പോലീസ് സ്റ്റേഷനുകളിലായി 20 ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
