ലൈഫ്മിഷന്റെ ഭാഗമായി ഭൂ-ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ആരംഭിച്ച ”മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിനില്‍ ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണനും പങ്കാളിയായി.ഭൂ-ഭവന രഹിതരായ പാവങ്ങള്‍ക്ക് ഭൂമി സംഭാവന ചെയ്യാന്‍ തയ്യാറാവണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്ററുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അടൂര്‍ ഗോപാലകൃഷ്ണന് നിറഞ്ഞ മനസ്സോടെ തന്റെ ഭൂമി പങ്കുവെക്കാന്‍ തീരുമാനിച്ചത്. ഐ പി എസ് ഉദ്യോഗസ്ഥയായി നാഗ്പൂരില്‍ ജോലി ചെയ്യുന്ന മകള്‍ അശ്വതിയോട് അടൂര്‍ ഈ കാര്യം പങ്കുവെച്ചപ്പോള്‍ മകളും അച്ഛനോടൊപ്പം ചേര്‍ന്നു. എത്രയും പെട്ടെന്ന് ഭൂമി നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അശ്വതിയും പറഞ്ഞു.നിറഞ്ഞ മനസ്സോടെ തന്റെ മണ്ണ് പങ്കുവെക്കുന്നുവെന്ന് അറിയിച്ചുള്ള അടൂരിന്റെ ഫോണ്‍ വന്നയുടന്‍ അദ്ദേഹത്തിന്റെ ആക്കുളത്തെ വീട്ടിലെത്തി മന്ത്രി സംസ്ഥാന സര്‍ക്കാരിന് വേണ്ടി നന്ദി അറിയിച്ചു.
