കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാൻ രാജ്യത്തെ സംസ്ഥാനങ്ങൾക്കു കരുത്തു പകരുന്ന ഒരു പ്രഖ്യാപനവും കേന്ദ്ര ബജറ്റിൽ ഇല്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിനും രാജ്യത്തെ മറ്റും സംസ്ഥാനങ്ങൾക്കും നിരാശപകരുന്നതാണു ബജറ്റ് പ്രഖ്യാപനങ്ങളെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് പ്രതിസന്ധി നിലനിൽക്കെ, കേരളമടക്കം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഏറെ പ്രതീക്ഷയോടെ കണ്ട ബജറ്റായിരുന്നു ഇത്തവണത്തേതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. രൂക്ഷമായ തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും രാജ്യത്തെ ഗ്രാമങ്ങൾ പോകുന്ന സ്ഥിതിയാണുള്ളത്. ഇതിനെല്ലാം പരിഹാരം കാണുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പൊതുമേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രഖ്യാപനങ്ങൾ എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ ഇത്തരമൊരു കാഴ്ചപ്പാട് ഇല്ലാതെയാണു ബജറ്റ് അവതരിപ്പിക്കപ്പെട്ടത്.
രാജ്യത്തിന്റെ അടുത്ത 25 വർഷ കാലത്തേക്കുള്ള ബൃഹത് പദ്ധതി വിഭാവനം ചെയ്യുന്ന ബജറ്റാണെന്നാണു കേന്ദ്ര ധനമന്ത്രി അവകാശപ്പെടുന്നത്. ഏഴു വളർച്ചാ എൻജിനുകൾ ഇതിനായി പ്രഖ്യാപിച്ചു. ഇതിൽ റോഡ്, റെയിൽവേ, എയർപോർട്ട്, തുറമുഖങ്ങൾ, ജലപാതകൾ തുടങ്ങിയ വിവിധ അടിസ്ഥാന സൗകര്യ വികസന മേഖലകളിലെല്ലാം പി.പി.പി. മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. നഗരമേഖലയിലെ തൊഴിൽ ലഭ്യതയെക്കുറിച്ചു ബജറ്റ് പരാമർശിക്കുന്നേയില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 73,000 കോടി രൂപ മാത്രമാണു നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ബജറ്റിൽ നിക്കിവച്ചിരുന്ന അതേ തുകയാണിത്.