ജില്ലയില്‍ മദ്യ, മയക്കുമരുന്ന് ഉപയോഗം, അനധികൃത വില്പന, കൈമാറ്റം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുന്നതായും, കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് അറിയിച്ചു. നിരവധി പേര് അറസ്റ്റിലായി. സ്പെഷ്യല്‍ ഡ്രൈവില്‍ ഉള്‍പ്പെടുത്തി റെയ്ഡുകളും കര്‍ശന പരിശോധനകളും തുടരും. ഒപ്പം സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള പ്രത്യേക ആക്ഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
മയക്കുമരുന്നുകള്‍ കടത്തുന്നവര്‍ക്കും ഉപയോഗിക്കുന്നവര്ക്കുമെതിരായ സ്പെഷ്യല്‍ ഡ്രൈവ് നടന്നുവരികയാണ്. ജനുവരി 28 വരെയുള്ള കാലയളവില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന് പരിധിയില്‍ 245 റെയ്ഡുകളാണ് നടത്തിയത്. 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 53 പേരെ പരിശോധിച്ചു. ഇന്നലെ മാത്രം പന്തളം, റാന്നി, കീഴ്വായ്പൂര്, കോന്നി, കൂടല്‍, കൊടുമണ്‍, മലയാലപ്പുഴ, വെച്ചൂച്ചിറ, തണ്ണിത്തോട്, പമ്പ എന്നീ സ്റ്റേഷനുകളിലായി 10 കേസുകള്‍ എടുത്തു.