സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോൺ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് രോഗികളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 94 ശതമാനവും ഒമിക്രോൺ മൂലമാണെന്നു കണ്ടെത്തിയതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറു ശതമാനം ആളുകളിൽ ഡെൽറ്റ വകഭേദവും കണ്ടെത്തി. വിദേശത്തുനിന്നും മറ്റിടങ്ങളിൽനിന്നും കേരളത്തിലേക്ക് എത്തിയവരിൽ നടത്തിയ പരിശോധിയിൽ 80 ശതമാനം പേരിലും ഒമിക്രോണും 20 ശതമാനം പേരിൽ ഡെൽറ്റയുമാണു രോഗകാരണമായ വകഭേദമെന്നു കണ്ടെത്തി.
കോവിഡ് വ്യാപനം വർധിച്ചെങ്കിലും രോഗം സ്ഥിരീകരിച്ച 96.4 ശതമാനം പേരും ഗൃഹപരിചരണത്തിലാണു കഴിയുന്നതെന്നു മന്ത്രി പറഞ്ഞു. ആകെ രോഗികളുടെ 3.6 ശതമാനം പേരെ മാത്രമേ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവന്നിട്ടുള്ളൂ. ഗുരുതര ലക്ഷണങ്ങൾ കുറവായതിനാലാണിത്. ആശുപത്രി ചികിത്സയ്ക്കും തീവ്രപരിചരണത്തിനും നൽകുന്ന അതേ പ്രാധാന്യംതന്നെയാണു ഗൃഹപരിചരണത്തിനും സർക്കാർ നൽകുന്നത്. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു കൃത്യമായി പാലിക്കാൻ എല്ലാവരും തയാറാകണം.