കൊച്ചി ∙ സേവന നികുതിയടയ്ക്കുന്നതിൽ കോടികളുടെ വെട്ടിപ്പു നടത്തിയ 12 സിനിമാ നടന്മാർക്കെതിരെ സംസ്ഥാന നികുതി വകുപ്പിന്റെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. മൂന്നര കോടി രൂപയുടെ വെട്ടിപ്പു നടത്തിയ നടനെതിരെ എറണാകുളം ജില്ലാ ഇന്റലിജൻസ് വിഭാഗം പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. വെട്ടിച്ച നികുതി അടയ്ക്കാനുള്ള നോട്ടിസ് മറ്റുള്ളവർക്കു നൽകിയിട്ടുണ്ട്.
സിനിമകളിൽ അഭിനയിക്കാൻ വൻതുക പ്രതിഫലം വാങ്ങുന്ന നടന്മാർ കൃത്യമായി ജിഎസ്ടി അടയ്ക്കാത്തതിനാൽ, ഈ തുക ഇളവു ചെയ്തു നികുതി റിട്ടേൺ യഥാസമയം സമർപ്പിക്കാൻ കഴിയുന്നില്ലെന്ന നിർമാതാക്കളുടെ പരാതിയിലാണു നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്.
ജിഎസ്ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട അഭിനയം, സംഗീതം, നിർമാണം, പോസ്റ്റ് പ്രൊഡക്ഷൻ, ഡബ്ബിങ്, മിക്സിങ് തുടങ്ങിയ സർവീസ് മേഖലകളിൽ നിന്നു വർഷം 20 ലക്ഷം രൂപയിൽ അധികം വരുമാനം നേടുന്നവർ ജിഎസ്ടി അടയ്ക്കാൻ ബാധ്യസ്ഥരാണ്.