പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ ഇ-ഗ്രാന്റ്സ് മുഖേനയുളള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ലഭിക്കുന്നതിനായി പുതുതായി അപേക്ഷിക്കുന്നതും റിന്യൂവൽ ചെയ്യുന്നതുമായ വിദ്യാർഥികൾ അവരുടെ മൊബൈൽ നമ്പർ, അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ജനുവരി 31നകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേന വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്ന് പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽ ലോഗിൻ മുഖേനയും സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ മുഖേനയുമാണ് വെരിഫിക്കേഷൻ നടത്തേണ്ടത്.
2021-22 വർഷം മുതൽ സ്കോളർഷിപ്പ് തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാർ നേരിട്ട് വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നൽകുന്നതിനാൽ അതാത് അധ്യയന വർഷം തന്നെ സ്കോളർഷിപ്പിന് അപേക്ഷിച്ച് അംഗീകാരം വാങ്ങാത്ത വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതല്ല.
2021-22 വർഷത്തെ സ്കോളർഷിപ്പ് അപേക്ഷിക്കുന്നതിനും റിന്യൂവൽ ചെയ്യുന്നതിനുമുളള അവസാന തീയതി 2022 മാർച്ച് 15 ആയിരിക്കും. അതിനു മുമ്പായി 2021-22 വർഷം സ്കോളർഷിപ്പിന് അർഹതയുളള എല്ലാ വിദ്യാർഥികളും സൈറ്റിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം വാങ്ങിയിരിക്കണം. റിന്യൂവൽ അപേക്ഷകളും ഈ തീയതിക്കു മുമ്പായി സ്ഥാപനങ്ങൾ ഫോർവേഡ് ചെയ്തിരിക്കണം. 2022 മാർച്ച് 15 ന് സൈറ്റ് ക്ലോസ് ചെയ്യുന്നതാണ്. പിന്നീട് അപേക്ഷ സമർപ്പിക്കുവാൻ അവസരമുണ്ടായിരിക്കുന്നതല്ല.