സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള പകുതിയിലധികം കുട്ടികൾക്ക് (51 ശതമാനം) കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആകെ 7,66,741 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. 97,458 ഡോസ് വാക്സിൻ നൽകിയ തൃശൂർ ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകിയത്. സംസ്ഥാനത്ത് ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചത്. ഒമിക്രോൺ സാഹചര്യത്തിൽ പരമാവധി കുട്ടികൾക്ക് വേഗത്തിൽ വാക്സിൻ നൽകാനായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചാണ് വാക്സിൻ നൽകിയത്. കേവലം 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
