കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയ ആദ്യ ഓപ്പറേഷന് തീയറ്റര്‍ ജനുവരി 15ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും പങ്കെടുത്ത് മെഡിക്കല്‍ കോളജില്‍ അവലോകന യോഗവും ചേര്‍ന്നു. ഓപ്പറേഷന് തീയറ്ററിനൊപ്പം ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കുമുള്ള ഡ്യൂട്ടിമുറികള്‍, സ്റ്റോര്‍ റൂം, ചെയിഞ്ചിംഗ് റൂം തുടങ്ങിയവയും തയാറാക്കി കഴിഞ്ഞു. വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള ഐസിയു, പ്രീ ഓപ്പറേറ്റീവ് വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് എന്നിവ സജ്ജമാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
