പാലക്കാട് ഒരു രാത്രി മുഴുവൻ പൊലീസിനെ വട്ടംകറക്കിയ കുട്ടി സംഘത്തെ ഒടുവില്‍ പൊലീസ് കണ്ടെത്തി . കിഴക്കഞ്ചേരി കവളുപാറ കോളനിയിലെ പത്തിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള 4 ആൺകുട്ടികളാണു കഴിഞ്ഞ ദിവസം രാത്രി വീട്ടുകാരുടെയും നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കംകെടുത്തിയത്. രാത്രിയായിട്ടും കുട്ടികൾ വീട്ടിലെത്താതായതോടെ രക്ഷിതാക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
എസ്ഐ നീൽ ഹെക്ടർ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ മംഗലംഡാം പൊലീസും ഡെപ്യൂട്ടി റെയ്ഞ്ചർ കെ.അഭിലാഷിന്റെ നേതൃത്വത്തിൽ വനം വകുപ്പും രാത്രി പല ഭാഗത്തും അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ഒടുവിൽ ഇന്നലെ രാവിലെ വണ്ടാഴി നെല്ലിക്കോടുനിന്ന് കുട്ടികളെ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണു 3 വീടുകളിലെ കുട്ടികള്‍ വീട്ടിൽനിന്ന് ഇറങ്ങിയത്. പകൽ സമയത്ത് നന്നങ്ങാടി ഭാഗത്ത് തേക്കിൻകാട്ടിലിരുന്നു. വൈകിട്ട് മംഗലംഡാം ടൗണിലെത്തി.