കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ അർധ അതിവേഗ റെയിൽപ്പാത 2025ൽ പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയാകും പദ്ധതിക്കു സ്ഥലമേറ്റെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി വിശദീകരണത്തിനായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘ജനസമക്ഷം സിൽവർലൈൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചു വിശദീകരിക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള സംശയങ്ങൾക്കു വ്യക്തത വരുത്തുന്നതിനുമായാണു ‘ജനസമക്ഷം സിൽവർലൈൻ’ പരിപാടി സംഘടിപ്പിച്ചത്. പദ്ധതിക്കെതിരേ ഉയർന്നിട്ടുള്ള എതിർവാദങ്ങൾ കഴമ്പില്ലാത്തതാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പിലും പുനരധിവാസത്തിലും യാതൊരു ആശങ്കയും വേണ്ട. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പ്രകാരം 9300-ലധികം കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടിവരിക. ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടിവരുമ്പോൾ മികച്ച പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുമ്പോൾ ഗ്രാമ പ്രദേശങ്ങളിൽ മാർക്കറ്റ് വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരമായി നൽകും.