15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതൽ ഡോസിനായും സംസ്ഥാനം മുന്നൊരുക്കം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷന് വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കും. മുതിർന്നവരുടേയും കുട്ടികളുടേയും വാക്സിനേഷനുകൾ കൂട്ടിക്കലർത്തില്ല. കുട്ടികൾക്ക് ആദ്യമായി കോവിഡ് വാക്സിൻ നൽകുന്നതിനാൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കും. വാക്സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികൾക്ക് കോവാക്സിനായിരിക്കും നൽകുക എന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.
