ആഗോളീകരണത്തെ ചെറുക്കുന്ന ബദല്‍ മാര്‍ഗമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ കൊടക്കാട് ബാങ്ക് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ബാങ്കിങ് സംവിധാനം പരിചയപ്പെടുത്തിയത് സഹകരണ മേഖലയാണ്. ദേശസാത്കൃത ബാങ്കുകള്‍ എത്താത്ത എല്ലാ ഗ്രാമകളിലും സഹകരണ ബാങ്കുകള്‍ ജനങ്ങള്‍ക്ക് സഹായകരമാണ്. കേവലം പലിശ പിടുങ്ങാനല്ല, നാട്ടുകാരെ സഹായിക്കാനാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. സഹകരണ മേഖലയില്‍ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ക്രെഡിറ്റ് മേഖല കേരളത്തിന്റെതാണ്. നമ്മുടെ ഈ നേട്ടത്തില്‍ ചിലര്‍ക്കെങ്കിലും അസൂയ ഉണ്ടാകുന്നു. അസൂയ മനുഷ്യരില്‍ മാത്രമല്ല ചില സ്ഥാപനങ്ങളിലും ഉണ്ടാകുമെന്നാണ് അനുഭവം. സഹകരണ മേഖലയ്ക്ക് നേരത്തേ വലിയ പിന്തുണയാണ് രാജ്യം നല്‍കിയിരുന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്റു വലിയ പിന്തുണ നല്കി. പൊതുമേഖല സ്ഥാപനങ്ങള്‍ക്കും വലിയ പിന്തുണ ലഭിച്ചു. രാജ്യം ആഗോളീകരണനയം അംഗീകരിച്ചപ്പോള്‍ വലിയ മാറ്റങ്ങള്‍ വന്ന് തുടങ്ങി. ആഗോളീകരണത്തി മുന്‍പും പിന്‍പും സഹകരണ മേഖല രണ്ടു വിധത്തിലായി.