ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ കോവിഡ് വാക്സിനേഷൻ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേർക്ക് (2,60,09,703) ആദ്യ ഡോസ് വാക്സിനും 75 ശതമാനം പേർക്ക് (2,00,32,229) രണ്ടാം ഡോസ് വാക്സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,60,41,932 ഡോസ് വാക്സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 88.33 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 58.98 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.
സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയിൽ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും വേണം. ഇതോടൊപ്പം പ്രധാനമാണ് വാക്സിനേഷൻ. ഒമിക്രോൺ സാഹചര്യത്തിൽ പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞങ്ങൾ നടന്നു വരികയാണ്. സംസ്ഥാനത്ത് 10 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്.
