കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം-എയർപോർട്ട് റോഡ് ഫെബ്രുവരിയിൽ പൂർണമായും വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുന്നൂറ്റി അറുപത് മീറ്റർ നീളമുള്ള ഡയഫ്രം വാളാണ് റോഡിനായി നിർമ്മിക്കുന്നത്. ഡയഫ്രം വാൾ പണിയുന്നതിനായി നിർമ്മിക്കുന്ന ഗൈഡ് വാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ബുധനാഴ്ച ആരംഭിച്ചുവെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞു.
ഗൈഡ് വാളിന്റെയും ഡയഫ്രം വാളിന്റെയും നിർമ്മാണ പ്രവർത്തികൾ സമാന്തരമായി നടക്കും. എട്ടു മീറ്റർ ആഴത്തിലുള്ള കോൺക്രീറ്റ് പാനലുകൾ ഉപയോഗിച്ചാണ് ഡയഫ്രം വാൾ നിർമ്മിക്കുന്നത്. പടിഞ്ഞാറ് ഭാഗത്തേക്ക് ചരിച്ചിറക്കിയ കരിങ്കൽ ഭിത്തി കടലാക്രമണത്തിൽ നിന്ന് ഡയഫ്രം വാളിന് സംരക്ഷണം നൽകും. അനുകൂലമായ കാലാവസ്ഥ പ്രയോജനപ്പെടുത്തി നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ തീർക്കണമെന്ന് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും മന്ത്രി നിർദ്ദേശം നൽകി.
