മലയാളികൾ ഭക്ഷണകാര്യത്തിൽ സാക്ഷരത പുലർത്തണമെന്നും നാവിന്റെ രുചിയിൽ കീഴടങ്ങി രോഗങ്ങളുടെ തടവറയിൽ ആകരുതെന്നും മന്ത്രി പി.പ്രസാദ്.
ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചെമ്മരുതിയുടെ പേരിൽ കരിക്കിൻ ജ്യൂസ്, വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ തുടങ്ങിയവ കുടുംബശ്രീ വഴി വിപണിയിൽ എത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. കൃഷി ജീവിതമാണെന്നും ജീവിക്കാൻ വേണ്ടി എല്ലാവരും കൃഷി ശീലമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചെമ്മരുതിയിൽ ഒരു നാളികേര കൗൺസിൽ തുടങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ മുതിർന്ന കർഷകരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ഒപ്പം കേരകർഷകർക്കുള്ള ധനസഹായത്തിന്റെ വിതരണവും നിർവഹിച്ചു. വളരെ മികച്ച രീതിയിൽ കേരഗ്രാമം പരിപാടി നടത്തിയ ചെമ്മരുതിയിലെ സംഘാടകരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.