കൊട്ടാരക്കര : കൈക്കൂലി വാങ്ങുന്നതിനടയിൽ പഞ്ചായത്ത് ഓവർസിയറെ വിജിലൻസ് പിടികൂടി . ഉമ്മന്നൂർ പഞ്ചായത്ത് മൂന്നാം ഗ്രേഡ് ഓവർസിയർ കൊട്ടാരക്കര കിഴക്കേക്കര ചരുവിള പുത്തൻവീട്ടിൽ രാജു രാമചന്ദ്രനാണ് പിടിയിലായത്. വാളകം മേൽകുളങ്ങര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം വിജിലൻസ് ഡി വൈ എസ് പി അബ്ദുൾ വഹാബിൻറെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അറസ്ററ് ചെയ്തത്. പരാതി ക്കാരന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ജനകീയാസൂത്രണ പദ്ധതിപ്രകാരം കാലിത്തൊഴുത്ത് അനുവദിച്ചിരുന്നു. ഇതിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ഇതിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ ഓവർസിയർ സമീപിച്ചപ്പോൾ കാലിത്തത്തൊഴുത്തിന് സബ്സിഡി ഇനത്തിൽ ലഭിക്കുന്ന തുകയായ ഇരുപത്തി ഏഴായിരം രൂപയിലെ വിഹിതം കൈക്കൂലിയായി ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം വിജിലൻസിനെ അറിയിക്കുകയും അവരുടെ നിർദേശ പ്രകാരം തുക നൽകാനായി ഓവർസിയറെ മേൽകുളങ്ങര ജംഗ്ഷന് സമീപം വിളിച്ചു വരുത്തി ആയിരം രൂപ നൽകുകയായിരുന്നു. സ്ഥലത്തെത്തിയ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. ഇദ്ദേഹത്തെ ഇന്ന് ( വെള്ളി ) കോടതിയിൽ ഹാജരാക്കും .
