തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍. വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചത്.
സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഏറെ മുന്‍പന്തിയിലാണ്. സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ഡോ. വിനോദ് കുമാര്‍ പോള്‍ അഭിനന്ദിച്ചു.
കൃഷിയനുബന്ധ മൂല്യവര്‍ധിത ഉല്പന്നങ്ങള് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ കേരളം ആസൂത്രണം ചെയ്യണമെന്ന് നീതി ആയോഗ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. മത്സ്യ സംസ്കരണ മേഖലയിലും ശ്രദ്ധയൂന്നണം. ഓയില്‍ പാം മേഖലയെ ശക്തിപ്പെടുത്താന്‍ തെങ്ങു കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എട്ടു ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രോത്സാഹന പദ്ധതി തയ്യാറാക്കണം. സുഗന്ധ വ്യഞ്ജന ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവശ്യമായ ഇടപെടലിനു പിന്തുണ നല്‍കും.