സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെയുള്ള പരിപാടികൾ ആവിഷ്കരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മേഖലയിൽ സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി കൂടുതൽ പുരോഗതിയിലേക്കു കുതിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി ലോകാര്യോഗ്യ സംഘടന, യുണിസെഫ്, സി.ഡി.സി. കേരള, ക്യൂർ എന്ത്യ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത രാഷ്ട്രങ്ങളോടു കിടപിടിക്കത്തക്ക നിലയിലാണു കേരളത്തിന്റെ ആരോഗ്യ മേഖല എത്തിനിൽക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിൽ നടപ്പാക്കിയ വിപുലമായ പരിപാടികളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ഈ നേട്ടങ്ങളിൽ മതിമറന്ന് ഇരിക്കലല്ല നാം ഉദ്ദേശിക്കുന്നത്.