തിരുവനന്തപുരം : വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിനു വ്യവസായ വകുപ്പ് നടപ്പിലാക്കിയ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ-സിസിന് കീഴില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തത് അഞ്ച് ലക്ഷം സ്ഥാപനങ്ങള്‍.
ഈ സ്ഥാപനങ്ങളില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ പരിശോധനകള്‍ കേന്ദ്രീകൃതമായി കെ-സിസ് പോര്‍ട്ടലിലൂടെയാണ് നടത്തുക. ചട്ടങ്ങളില്‍ അനുശാസിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരിശോധനകള്‍ സുതാര്യമായി നടത്തുന്നതിനായി രൂപീകരിച്ച കെ-സിസ് സംവിധാനത്തിലൂടെ 1,387 പരിശോധനകള്‍ ഇതിനകം പൂര്‍ത്തിയാക്കി.
സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധന എന്നിവയെല്ലാം ഈ സംവിധാനത്തിന് കീഴിലാണ് വരുന്നത്. പരിശോധന ഷെഡ്യൂള്‍ വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. ഇതിന് പുറമെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ പോര്‍ട്ടല്‍ തന്നെ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തില്‍ ഒരേ ഇന്‍സ്പെക്ടര്‍ തുടര്‍ച്ചയായി രണ്ട് പരിശോധനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ് അല്ലെങ്കില്‍ ഇമെയില്‍ മുഖേന അറിയിപ്പ് നല്‍കിയായിരിക്കും കെ-സിസ് വഴിയുള്ള പരിശോധന. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ – സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും.
കഴിഞ്ഞ ജൂലൈ 30ന് ഉദ്ഘാടനം ചെയ്ത് നാല് മാസത്തിനുള്ളിലാണ് ഇത്രയും സ്ഥാപനങ്ങള്‍ കെ-സിസിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ നിയമം മൂലം ചുമതലപ്പെട്ട മറ്റ് വകുപ്പുകളും ഏജന്‍സികളും കൂടി കെ-സിസ് സംവിധാനത്തിന്റെ കീഴില്‍ കൊണ്ടു വരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
