ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ യാത്രക്കാരെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരിൽ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാർഡിലേക്കും റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്.അല്ലാത്തവർക്ക് സ്വയം നിരീക്ഷണമാണ്. വിമാനത്തിൽ കയറുന്നത് മുതൽ എയർപോർട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. എയർപോർട്ടുകളിൽ യാത്രക്കാരുടെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കും ആരോഗ്യ നില വിലയിരുത്തുന്നതിനും കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയർപോർട്ടുകളിൽ 5 മുതൽ 10 വരെ കിയോസ്കുകൾ ഒരുക്കും.
