ഗാർഹിക ഉപഭോക്താക്കൾക്കു കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി അനെർട്ട്. 10 കിലോ വാട്ട് വരെയുള്ള സൗരോർജ പ്ലാന്റുകൾ ഇതു പ്രകാരം വീടുകളിൽ സ്ഥാപിക്കാം. വീട്ടാവശ്യത്തിനു ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്കു നൽകാൻ കഴിയുംവിധം ഗ്രിഡ് ബന്ധിത പദ്ധതിയായാണ് ഇതു നടപ്പാക്കുന്നത്.പദ്ധതിക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. www.buymysun.com എന്ന പോർട്ടൽവഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ മുതൽ പ്ലാന്റ് സ്ഥാപിക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും ഈ പോർട്ടൽവഴിയാണു നടക്കുന്നത്. പ്ലാന്റിന്റെ ശേഷിയുടെ അടിസ്ഥാനത്തിലാണു സബ്സിഡി അനുവദിക്കുന്നത്. മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റിന് കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയുടെ നാലു ശതമാനവും മൂന്നു മുതൽ 10 വരെ കിലോവാട്ട് ശേഷിയുള്ള പ്ലാന്റിന് ആദ്യ മൂന്നു കിലോവാട്ടിന് 40ഉം തുടർന്ന് 20 ശതമാനം നിരക്കിലും സബ്സിഡി ലഭിക്കും.
