അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ അതിതീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് കേരളത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, പോലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. ഉയര്‍ന്ന റിസ്ക് രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് പരിശോധനകള്‍ നിര്‍ബന്ധമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏഴു ദിവസം ക്വാറന്റൈനും ഏഴു ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ രണ്ട് ശതമാനം പേരെ പരിശോധിക്കും. അവരില്‍ നെഗറ്റീവാകുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പോസീറ്റീവായാല്‍ ആശുപത്രിയില്‍ പ്രത്യേകം തയാറാക്കിയ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
