സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഒന്നിൽ കുറയാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നതാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് . ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പും ടൂറിസം വകുപ്പും ചേർന്നുകൊണ്ടുള്ള ഒരു സംവിധാനം 2022 ഓട് കൂടി കേരളത്തിൽ നടപ്പാക്കാൻ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
തീർത്ഥാടകർക്ക് കൂടുതൽ അടിസ്ഥാനസൗകര്യം ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര വകുപ്പിന്റെ ‘തത്വമസി പിൽഗ്രിം ടൂറിസം’ പദ്ധതിയിലുൾപ്പെടുത്തി പേട്ട ശ്രീ പഞ്ചമി ദേവീ ക്ഷേത്ര പരിസരത്ത് നിർമ്മാണം പൂർത്തീകരിച്ച അടിസ്ഥാനസൗകര്യങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ അതിന്റെ സാധ്യതകൾക്കനുസരിച്ച് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിരവധി കാര്യങ്ങൾ സർക്കാർ നടപ്പിലാക്കി വരികയാണെന്നും അതിന്റെ ഭാഗമായാണ് തീർത്ഥാടന ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകിവരുന്നതെന്നും മന്ത്രി പറഞ്ഞു.