വിലക്കയറ്റം പ്രതിരോധിക്കാനുള്ള വിപണി ഇടപെടലുകളുടെ ഭാഗമായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ പ്രയാണം തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഫ്ളാഗ് ഓഫും ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലായി ഡിസംബർ ഒമ്പതുവരെ ഇവ പര്യടനം നടത്തും.
വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി വിപണി ഇടപെടൽ ശക്തിപ്പെടുത്തുന്നതിനായാണു സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ സജ്ജമാക്കിയതെന്ന് ഫ്ളാഗ് ഓഫ് നിർവഹിച്ചു മന്ത്രി പറഞ്ഞു. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സപ്ലൈകോ ഉത്പന്നങ്ങൾ സബ്സിഡി നിരക്കിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിൽനിന്നു ലഭിക്കും. 2016ലെ വിലയ്ക്കു കഴിഞ്ഞ അഞ്ചു വർഷവും നിത്യോപയോഗ സാധനങ്ങൾ ജനങ്ങൾക്കു നൽകാൻ സർക്കാരിനു കഴിഞ്ഞു. ഈ സർക്കാർ ഇതു തുടരുകയാണ്. മാർക്കറ്റുകളിലെ വിലയേക്കാൾ 45 മുതൽ 50 ശതമാനം വരെ വിലകുറച്ചാണു സാധനങ്ങൾ വിൽക്കുന്നത്. രാജ്യത്തെ ഒരു സംസ്ഥാനത്തെയും സർക്കാരിന് ഇങ്ങനെയൊരു നേട്ടം അവകാശപ്പെടാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.