ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന m-Homoeo വെബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യകള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ വേഗം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. പൗരന്മാര്ക്ക് വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്പെഷ്യല്‍ ഒപി സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കും. ഹോമിയോപ്പതി വകുപ്പിലെ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണ ക്ഷമത പരമാവധി വര്‍ദ്ധിപ്പിക്കാനും ഫലപ്രദമായ അവലോകന, ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
