ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന്റെ അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ ക്യാമറ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കമ്മിഷൻ ചെയ്തു. റോബോട്ടിക് സംവിധാനം ഉപയോഗിച്ച് കടലിന്റേയും ഡാമുകളുടേയും അടിത്തട്ടിൽ പരിശോധന നടത്തുന്നതിനു സഹായിക്കുന്ന ഉപകരണമാണിത്.
ഹൈഡ്രോഗ്രഫിക് സർവെ വിഭാഗത്തെ ആധുനികവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണു പുതിയ അണ്ടർ വാട്ടർ ഡ്രോൺ ക്യാമറ ലഭ്യമാക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംപോലുള്ള വിപത്തുകൾ നേരിടുന്നതിനായി ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള പര്യവേഷണങ്ങളും പഠനങ്ങളും നടത്താൻ വകുപ്പിനെ സജ്ജമാക്കും.