പൂയപ്പള്ളി: നവംമ്പർ ഏഴാം തീയതി രാത്രിയിൽ പൂയപ്പള്ളി ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന നല്ലില സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള മൊബൈൽ ഷോപ്പിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതികളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ അടിപിടി കേസുകളിലും, കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിലെ അലങ്കാര പ്രാവ് മോഷണ കേസിലും പ്രതികളായ കണ്ണനല്ലൂർ പാലമുക്ക്, ഹെൽത്ത് സെന്ററിന് സമീപം ദേവകി ഭവനിൽ സജിലാൽ(21), കണ്ണനല്ലൂർ വടക്ക് മൈലക്കാട് നെല്ലിയ്ക്കാവിള വീട്ടിൽ സച്ചു എന്ന് വിളിക്കുന്ന അരുൺ(21), കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ വീട്ടിൽ മാഹീൻ(21) എന്നിവരെയാണ് പൂയപ്പള്ളി എസ്.എച്ച്.ഒ. ടി രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
അതിവിദഗ്ധമായി ഷട്ടറിന്റെ സാക്ഷ പൊട്ടിച്ച് മാറ്റിയ പ്രതികൾ CCTV ക്യാമറകളിലും മറ്റും പെടാതെ വിദഗ്ധമായി മോഷണം നടത്തിയതിനാൽ പ്രതികളിലേക്ക് എത്താവുന്ന യാതൊരു തുമ്പും പോലീസിന് ലഭിച്ചിരുന്നില്ല, എന്നാൽ പൂയപ്പള്ളി പോലീസ് മുൻകാല മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ സമയോചിതമായ അന്വേഷണത്തിലാണ് മുഴുവൻ പ്രതികളെ കുറിച്ചും മോഷണത്തിന് ഉപയോഗിച്ച വാഹനത്തെക്കുറിച്ചുമുളള വിവരങ്ങൾ ലഭിച്ചത്. വാഹനവും മൊബൈൽ ഷോപ്പിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകൾ, ഹെഡ്സെറ്റുകൾ, ചാർജ്ജറുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ പ്രതിളിൽ നിന്നും കണ്ടെടുത്തു.
പൂയപ്പള്ളി എസ്.എച്ച്.ഒ. ടി. രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അഭിലാഷ്, സജി ജോൺ, അനിൽ കുമാർ, എ.എസ്.ഐ മാരായ രാജേഷ്, സഞ്ചീവ് മാത്യൂ, സി.പി.ഒ ലിജു വർഗീസ് എന്നിരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.