കേരളത്തിലെ മഴക്കെടുതികളിൽ ഒക്ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറു പേരെ കാണാതായി. ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ മൃതദേഹം കണ്ടെത്തി. നിലവിൽ 304 ദുരിതാശ്വാസ ക്യാമ്പുകളിൽ 3851 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
തെക്കൻ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 2-3 ദിവസങ്ങളിൽ ഇത് തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ ഒക്ടോബർ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊടെ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 21 നു ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. അടുത്ത ആഴ്ച തുലാവർഷം ആരംഭിക്കാൻ സാധ്യതയുള്ളതിനാൽ കരുതലും ജാഗ്രതയും തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്.