കൂടുതൽ ഒളിമ്പിക്സ് മെഡലുകൾ കേരളത്തിലേക്ക് എത്തുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാടിനൊപ്പം സർക്കാരും മുൻനിരയിൽനിന്നുകൊണ്ട് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2019 ലെ ജി.വി. രാജ പുരസ്ക്കാര ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒളിമ്പിക്സ് വരെയുള്ള വിവിധ കായിക മത്സരങ്ങളിലും കായിക മേഖലകളിലും കഴിവ് തെളിയിച്ചവരാണ് അവാർഡ് ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നത്. നാടിന്റെ സാന്നിധ്യം അന്താരാഷ്ട്രതലത്തിൽ എത്തിച്ചവരെയാണ് നാം ഇപ്പോൾ ആദരിക്കുന്നത്. ഇനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവർക്ക് കഴിയും. അതിലൂടെ വളർന്നുവരുന്ന കായികതാരങ്ങൾക്ക് പ്രചോദനമാകണം. ജീവിതത്തിന്റെ യുവത്വം കായിക രംഗത്തിനായി മാറ്റിവച്ചവരാണ് ഇന്നത്തെ കായികതാരങ്ങൾ. കായികരംഗത്തുനിന്ന് നാളെ വിരമിച്ചാലും നിങ്ങളുടെ സേവനം നാടിനാവശ്യമാണ്.
ഇന്ന് ഒരു മെഡലാണ് ഒളിമ്പിക്സിൽ നമുക്ക് ലഭിച്ചത്. വരുംകാലങ്ങളിൽ അവയുടെ എണ്ണം വർധിക്കണമെന്നാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. അതിനു നാം ഏറെ മുന്നേറേണ്ടതുണ്ട്. അത്തരം പ്രവർത്തനങ്ങൾ നാടിനൊപ്പം, മുന്നിൽനിന്നുകൊണ്ടുതന്നെ സർക്കാർ ഏറ്റെടുക്കും. കായികരംഗവുമായി കൂടുതൽ അടുപ്പമുള്ള വ്യക്തികൾ എന്നനിലയിൽ നിങ്ങൾക്കാണ് ഇക്കാര്യത്തിൽ കൂടുതൽ സംഭാവനകൾ നൽകാൻ കഴിയുക. കായിക രംഗത്തെ നേട്ടങ്ങൾക്കൊപ്പം ഈ രംഗത്തെ മോശം പ്രവണതകളും ചൂണ്ടിക്കാണിക്കാനും പത്രപ്രവർത്തകർ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പുരസ്കാര ജേതാക്കളേയും ഹാർദ്ദവമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.