സിലിക്കാ മണൽ അവശിഷ്ടം കെട്ടിട നിർമ്മാണത്തിനാവശ്യമായ മേൽത്തരം ഇഷ്ടിക ആക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തിനായി CSIR-NIIST യുമായി ആട്ടോകാസ്റ്റ് ധാരണാ പത്രം ഒപ്പ് വച്ചു. വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.എ. അജയഘോഷും ആട്ടോകാസ്റ്റ് എം.ഡി.പ്രസാദ് മാത്യുവുമാണ് ഒപ്പുവച്ചത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആന്റ് ടെക്നോളജി ആണ് സാങ്കേതിക വിദ്യ നൽകുന്നത്. റെയിൽവേ ബോഗികൾ ഉൾപ്പടെയുള്ളവയ്ക്ക് ആവശ്യമായ മോൾഡ് നിർമ്മിക്കാൻ ആണ് ആട്ടോകാസ്റ്റിൽ സിലിക്കാ മണൽ ഉപയോഗിക്കുന്നത്. നിർമ്മാണത്തിനു ശേഷം അവശിഷ്ടമാകുന്ന മണൽ ആണ് ഇഷ്ടിക നിർമ്മാണത്തിനായി ഉപയോഗിക്കുക.