കോട്ടയം: അനർഹർ കൈവശം വച്ചിരുന്ന മുൻഗണന റേഷൻ കാർഡുകൾ തിരികെയേൽപ്പിച്ചതിനെത്തുടർന്ന് ജില്ലയിൽ അർഹതപ്പെട്ട 4067 കുടുംബങ്ങൾക്ക് പുതുതായി എ.എ.വൈ / പി.എച്ച്.എച്ച്. മുൻഗണന റേഷൻ കാർഡ് അനുവദിച്ചു. 1241 പേർക്കു കൂടി ഉടൻ അനുവദിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി അറിയിച്ചു.
മുൻഗണനാ റേഷൻ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. അനർഹർ കൈവശം വച്ചിരുന്ന 6955 കാർഡുകളാണ് ഇന്നലെ വരെ തിരികെ ലഭിച്ചത്. ഇതിൽ 809 എ.എ.വൈ, 3597 പി.എച്ച്.എച്ച്, 2549 എൻ.പി.എസ് കാർഡുകൾ ഉൾപ്പെടുന്നു.