കഴിഞ്ഞ മാസം 24 ന് പുലർച്ചെ 5 മണിക്ക് കൊല്ലം റെയിൽവേ പ്ലാറ്റ്ഫോമിൽ പെട്രോളിംഗ് നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് ഗ്രേഡ് എസ് ഐ അയൂബിന്റെ യും സിവിൽ പോലീസ് ഓഫീസർ രാജേഷിന്റെയും ശ്രദ്ധയിൽ ഹൃദയ ഭേദകമായ ആ കാഴ്ച കണ്ടത്. ഒന്നാം പ്ലാറ്റ്ഫോമിലെ ഫുട്ട് ഓവർ ബ്രിഡ്ജിന് താഴെ അവശനിലയിലായ ഒരു നാടോടി സ്ത്രീയേയും ഒരു ചോരക്കുഞ്ഞിനെയും കണ്ടു.. ഒട്ടും വൈകാതെ തന്നെ ആംബുലൻസ് വിളിച്ച് വരുത്തി . രാജേഷും, എൻ എസ് എമർജൻസി ക്ലിനിക്കിലെ മെയിൽ നേഴ്സ് വിഷ്ണുവും ചേർന്ന് ചോരകുഞ്ഞിനെ ഒരു ചെറു തുണിയിൽ പൊതിഞ്ഞ് ആംബുലൻസിനടുക്കലേക്ക് ഓടി. പിന്നാലെ ആ സ്ത്രീയെ വീൽചെയറിലിരുത്തി ആയൂബും എത്തി. പ്ലാറ്റ്ഫോമും വീൽചെയറും എല്ലാം രക്തമയം. ധൈര്യം കൈവെടിയാതെ ഇരുവരും ആ അമ്മയേയും കുഞ്ഞിനെയും അതിവേഗം ജില്ലാ ആശുപത്രിയിലെത്തിച്ചു. ഉടൻ തന്നെ ഡോക്ടർ മാർ എത്തി.പരിശോധിച്ചു. അല്പ സമയം കഴിഞ്ഞപ്പോൾ ആ കുഞ്ഞ് മരിച്ചതായും കൃത്യസമയത്ത് എത്തിച്ചതിനാൽ ആ അമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നും ഡോക്ടർമാർ അറിയിച്ചു.

രാവിലെ 10 മണിയോടെ റെയിൽവേ പോലീസ് സ്റ്റേഷൻ SHO ആർ എസ് രഞ്ജുവിന്റെ നേതൃത്വത്തിന്റെ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടർമാർ ആ കുഞ്ഞ് ഗർഭാവസ്ഥയിൽ തന്നെ മരണപ്പെട്ടതായിരുന്നു എന്ന് അറിയിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ആ സ്ത്രീയോട് ഒന്നിലധികം തവണ സന്ദർശിച്ച് പേരും വിലാസവും ചോദിച്ചറിയാൻ ശ്രമിച്ച ങ്കിലും അവർ കൃത്യമായി മറുപടി യൊന്നും പറഞ്ഞിരുന്നില്ല. മാത്രമല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഏഴ് ദിവസം മോർച്ചറി യിൽ സൂക്ഷിച്ച കുട്ടിയെ ബന്ധുക്കൾ എത്താത്തതിനാൽ മുളങ്കാടകം സ്മശാനത്തിൽ സംസ്ക്കരിച്ചു.

ചികത്സക്ക് ശേഷം റെയിൽവേ പോലീസ് സ്റ്റേഷൻ SHO ആർ എസ് രഞ്ജു വിന്റെ നിർദ്ദേശപ്രകാരം മഹിളാ മന്ദിരത്തിൽ പാർപ്പിച്ചു. ഇവിടെയെത്തി നാല് പ്രാവശ്യം വനിതാ പോലീസ് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും കൃത്യമായി പേരോ മേൽ വിലാസമോ ലഭിച്ചില്ല. ജാനുവതി ,ധർവ്വ ജാർഖണ്ഡ് എന്ന് മാത്രമാണ് നാലു ഭാഷകളിലായി ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നത്. ഈ സ്ഥലത്തെ ക്കുറിച്ച് അന്വേഷിച്ചപ്പോൾ മാവോയിസ്റ്റ് മേഖലയാണ് എന്ന് അറിയാൻ കഴിഞ്ഞു. മഹിളാ മന്ദിരത്തിൽ വച്ചും മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.


ദിവസങ്ങൾക്ക് ശേഷം ആർപിഎഫ് എസ് ഐ ബീന മഹിളാ മന്ദിരം സന്ദർശിച്ച് ആ സ്ത്രീ പറഞ്ഞതിൻ പ്രകാരം ആ സ്ഥലത്തുള്ള നിരവധി ആൾക്കാരുമായി ഫോണിലൂടെ സംസാരിക്കുകയും watsapp group കളിലുടെ അന്വേഷണം നടത്തി. ഗോൽ ഖേര പോലീസ് സ്റ്റേഷൻ SHO മുഖാന്തിരം വിലാസം സ്ഥിരീകരിച്ചു.. അങ്ങനെ ഒടുവിൽ ആ സ്ത്രീയുടെ ബന്ധുക്കളെ കണ്ടെത്തുകയും ചെയ്തു. കേരളത്തിലേക്ക് വന്ന് കൂട്ടികൊണ്ട് പോകാനുള്ള പണം ഇല്ല എന്ന് അറിയിച്ചതിനെ തുടർന്ന് റെയിൽവേ പോലീസ് സ്റ്റേഷൻ SHO ആർ എസ് രഞ്ജു വിന്റെയും ആർ പി എഫ്
എസ് ഐ ബീനയുടെയും സഹായത്താൽ അവർ ചൊച്ചാഴ്ച വൈകിട്ടോടെ കൊല്ലത്ത് എത്തി ചേർന്നു.

4 മാസം ഗർഭിണി ആയിരിക്കുമ്പോൾ , കഴിഞ്ഞ മാർച്ച് മാസം അമ്മയുടെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയതാണ് എന്ന് ഇവരുടെ ഭർത്താവായ അമേശ്വവർ ഭുമിജ് പറഞ്ഞു. ഇവരുടെ ശരിയായ പേര്
ചാന്ദ് മോനി എന്നാണന്നും 4 കുട്ടികൾ ഉണ്ട് എന്നും ബന്ധുക്കൾ പറഞ്ഞു. വൈകിട്ട് ആറു മണിയോടെ മഹിളാ മന്ദിരത്തിൽ നിന്നും റെയിൽവേ
എസ് എച്ച് ഒ
ആർ എസ് രഞ്ജു , ആർ പി എഫ് ഇൻസ്പെക്ടർ രജനി നായർ എ എസ് ഐ മനു സി പി ഒ മാരായ സതീഷ് ചന്ദ്രൻ , പ്രശാന്ത് , ബിജു . ഡയാന . ഫ്രാങ്ക്ളിൻ എന്നിവരുടെ സാന്നിധ്യത്തിൽ ബന്ധുക്കൾക്ക് സ്ത്രീയെ കൈമാറി.
