ഇടുക്കി : മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍ പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്കുന്നു. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ലോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന് എന്നിവ ഇല്ലാത്ത വീടുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്ക്വയര്‍ ഫീറ്റ് കവിയരുത്. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയ്ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിനുമുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പും പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.
