പത്തനാപുരം – പത്തനംതിട്ട ജില്ലയിൽ കൂടൽ അഞ്ചു മുക്ക് തടത്തിൽ വീട്ടിൽ ഓമനയുടെ മകൻ മഹേഷ് വിഷ്ണു (27) ആണ് കഞ്ചാവുമായി പോലീസ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 600 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി. രവി ഐ.പി.എസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് (ജില്ലാ ലഹരിവിരുദ്ധ സേന) ഡി.വൈ.എസ്പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളും പത്തനാപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പത്തനാപുരം ടൗൺ ഓഡിറ്റോറിയത്തിനു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് വിൽപ്പനയ്ക്കായി പ്രതി ഉപയോഗിച്ചിരുന്ന KL 25 C 2061-ാം നമ്പർ സ്ക്കൂട്ടറും പോലീസ് പിടിച്ചെടുത്തു. കലഞ്ഞൂർ, കൂടൽ, പത്തനാപുരം മേഖലകളിലെ പ്രമുഖ കഞ്ചാവ് ചെറുകിട വിൽപ്പനക്കാരനാണ് പിടിയിലായ മഹേഷ് വിഷ്ണു.
